കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസിന് താനൂർ റെയിൽവേ സ്റ്റേഷന് സമീപം കല്ലേറ്. തിങ്കളാഴ്ച വൈകിട്ട് 5.10-നുണ്ടായ കല്ലേറിൽ സി -11 കോച്ചിന്റെ 73-74 എന്നീ സീറ്റുകളോട് ചേർന്നുള്ള ജനലിന്റെ ചില്ല് തകർന്നു. ഇതിനുമുമ്പും വന്ദേഭാരതിന് നേരെ കല്ലേറുണ്ടായിരുന്നു. ഇത് അഞ്ചാം തവണയാണ് വന്ദേഭാരതിന് കല്ലെറിയുന്നത്. ആർക്കും പരിക്കുകൾ ഒന്നുമില്ല. ക്യാമറ പരിശോധനയും അന്വേഷണവും ആരംഭിച്ചതായി റെയിൽവേ പോലീസ് അറിയിച്ചു. മുൻപും താനൂരിൽ വന്ദേ ഭാരതത്തിന് നേരെ കല്ലേറുണ്ടായിരുന്നു. അന്വേഷണത്തിനോടുവിൽ പ്രതികളെ കണ്ടെത്തി. പിടിയിലായവർ പ്രായപൂർത്തിയാകാത്തവരായിരുന്നു. കളിക്കിടെ അബദ്ധത്തിൽ സംഭവിച്ചതാണെന്ന് മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഗുരുതര വകുപ്പുകൾ ചേർക്കാതെ സ്റ്റേഷൻ ജാമ്യത്തിൽ ഇവരെ വിട്ടയച്ചിരുന്നു.