കാസർകോട് പള്ളത്തടുക്കയിൽ സ്കൂൾ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്. മുണ്ട്യത്തടുക്കയിലെ ജോൺ ഡിസൂസയ്ക്കെതിരെയാണ് പോലീസ് കേസ് എടുത്തത്. ഓട്ടോ ഡ്രൈവർ അബ്ദുൽ റൗഫ്, യാത്രക്കാരായ ബീഫാത്തിമ, നബീസ, ബിഫാത്തിമ മൊഗർ, ഉമ്മു ഹലീമ എന്നിവരാണ് മരിച്ചത്. പെർളയിൽ നിന്ന് ബദിയഡുക്കയിലേക്ക് പോവുകയായിരുന്നു സ്കൂൾ ബസ്. അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. സ്കൂൾ ബസ് കുട്ടികളെ വീടുകളിൽ ഇറക്കി മടങ്ങിവരുമ്പോഴാണ് സംഭവം. ബസ് ഡ്രൈവറുടെ അശ്രദ്ധയും റോഡ് നിർമ്മാണത്തിന്റെ അപാകതയുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ പ്രാഥമിക കണ്ടെത്താൻ. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി.
