ഇടുക്കി ഡാമിൽ അതിക്രമിച്ചു കയറി ഹൈമാസ്റ്റ് ലൈറ്റുകൾക്ക് ചുവട്ടിൽ താഴിട്ടു പൂട്ടിയ സംഭവത്തിൽ പ്രതി വിദേശത്തേക്ക് കടന്നതായി പോലീസ്. ഇയാളെ കണ്ടെത്തുന്നതിനു വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികൾ പോലീസ് തുടങ്ങി. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് സുരക്ഷാ മാനദണ്ഡങ്ങൾ മറികടന്ന് ഡാമിൽ കയറിയത്. ജൂലൈ 22നാണ് സംഭവം നടന്നത്. ഡാമിൽ പലയിടങ്ങളിലായി താഴിട്ടു പൂട്ടുകയും ചെയ്തു. സംഭവത്തിനുശേഷം 27നാണ് ഇയാൾ വിദേശത്തേക്ക് കടന്നത്. സെപ്റ്റംബർ നാലിനാണ് സംഭവം കെഎസ്ഇബിയുടെ ശ്രദ്ധയിൽപ്പെടുന്നത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മൂന്ന് പേരെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഡാമിന്റെ സുരക്ഷയ്ക്ക് മേൽനോട്ടം വഹിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയതായി പോലീസ് രഹസ്യ അന്വേഷണ വിഭാഗവും കണ്ടെത്തിയിട്ടുണ്ട്.