ഇടുക്കി വാഗമണിൽ സർക്കാർ ഭൂമിയിൽ കയ്യേറ്റം നടക്കുന്നതായി പരാതി. ഭൂമിക്ക് പട്ടയം ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കയ്യേറ്റം. വാഗമണ്ണിലെ ഏറ്റവും ഉയരമുള്ള പ്രദേശമായ മൂൺ മലയിലാണ് അനധികൃത കയ്യേറ്റം നടക്കുന്നതായി പരാതി ഉയർന്നിരിക്കുന്നത്. പരാതികളും പ്രതിഷേധങ്ങളും ശക്തമായതോടെ വാഗമൺ വില്ലേജ് അധികൃതർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകി. മൂൺമല ഉൾപ്പെടുന്ന പ്രദേശം സംസ്ഥാന സർക്കാർ ടൂറിസ വികസന പാക്കേജിനായി കണ്ടെത്തിയിട്ടുള്ള സ്ഥലമാണെന്നും കയ്യേറ്റം നടത്തിയിട്ടുണ്ടെങ്കിൽ ഒഴിപ്പിക്കണമെന്ന് എംഎൽഎ വാഴൂർ സോമൻ പറഞ്ഞു.