ഇടുക്കി ചിന്നക്കലാലിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. ഹോട്ടൽ ഉടമയെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷിക്കാൻ എത്തിയ കായംകുളത്തെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് ആക്രമണം നടന്നത്. കുത്തേറ്റ സിവിൽ പോലീസ് ഓഫീസർ ദീപക് ഗുരുതരാവസ്ഥയിൽ ജനറൽ ഹോസ്പിറ്റലിൽ ചികിത്സയിലാണ്. രണ്ടുദിവസം മുമ്പ് കായംകുളം പോലീസ് പരിധിയിൽ റിഹാസ് എന്ന വ്യാപാരിയെ ആക്രമിക്കുകയും തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തുകയും ചെയ്ത്തിരുന്നു. ഇതിനെ തുടർന്ന് പ്രതികളെ പിടികൂടാൻ കായംകുളത്ത് നിന്നുള്ള ആറംഗസംഘം ഇന്നലെ വൈകിട്ടോടുകൂടിയാണ് ചിന്നകലാലിൽ എത്തിയത്. സ്വകാര്യ റിസോർട്ടിൽ ഒളിവിൽ താമസിക്കുകയാണെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് എത്തിയത്. പ്രതികളെ കസ്റ്റഡിയിൽ എടുത്ത് വാഹനത്തിൽ കയറിയതിനു ശേഷമാണ് പോലീസ് സംഘത്തിന് നേരെ പത്തോളം ഗുണ്ടാ സംഘങ്ങൾ ചേർന്ന് ആക്രമിച്ചത്. പോലീസ് സംഘത്തിൽ ഉണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു.