കൊച്ചി നഗരസഭയിൽ മാലിന്യ ശേഖരണത്തിനായുള്ള ഇലക്ട്രിക് വാഹനങ്ങൾ വിതരണം ചെയ്യാതെ നശിക്കുന്നു. 120 വാഹനങ്ങളിൽ 74ണ്ണം മാത്രമാണ് ഹരിത കർമ്മ സേനയ്ക്ക് ഇതുവരെ കൈമാറിയിട്ടുള്ളത്. സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി 2.39 കോടി ചിലവിട്ടാണ് ഈ വാഹനങ്ങൾ വാങ്ങിയത്. ഹരിത കർമ്മ സേന അംഗങ്ങൾ ഉന്തുവണ്ടിക്ക് പകരം ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ കൂടുതൽ എളുപ്പമാകും അതിനുവേണ്ടിയാണ് പദ്ധതി ആവിഷ്കരിച്ചിരുന്നത്. ഓഗസ്റ്റ് മൂന്നിനാണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനസമയത്ത് 120 വാഹനങ്ങളും വിതരണം ചെയ്യുമെന്നാണ് മേയർ അറിയിച്ചിരുന്നത്. എന്നാൽ ഇതുവരെ 74 വാഹനങ്ങൾ മാത്രമാണ് വിതരണം ചെയ്തത്. ഏകദേശം 879 ഹരിത കർമ്മസേന അംഗങ്ങൾ ജില്ലയിലുണ്ട്. ഇത്രയും അംഗങ്ങൾക്കുള്ള വാഹനം വാങ്ങുന്നതിനുള്ള അടുത്ത പദ്ധതിക്കുള്ള ടെൻഡർ നടപടികളിലേക്ക് ഇതിനോടകം കടക്കുകയും ചെയ്തു. അപ്പോൾപോലും ആദ്യഘട്ടത്തിലെ മുഴുവൻ വാഹനങ്ങളും വിതരണം ചെയ്യാൻ നഗരസഭ തയ്യാറായിട്ടില്ല.