'ജനതാ കര്‍ഫ്യൂ' പ്രഖ്യാപിച്ച് പ്രധാനമന്ത്രി, ഞായറാഴ്ച രാവിലെ 7 മുതല്‍ രാത്രി 9വരെ ആരും പുറത്തിറങ്ങരുത്

കോവിഡ് വ്യാപനം തടയാന്‍ നിര്‍ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണയെ പ്രതിരോധിക്കാന്‍ ജനം കരുതലോടെയിരിക്കണമെന്ന് മോദി പറഞ്ഞു. ഞായറാഴ്ച രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ ആരും വീട്ടില്‍നിന്നു പുറത്തിറങ്ങരുത്. വീട്ടില്‍ത്തന്നെ തുടരണം. ജനത്തിനു വേണ്ടി, ജനം സ്വയം നടത്തുന്ന 'ജനതാ കര്‍ഫ്യൂ'വാണിതെന്നും മോദി പറഞ്ഞു.

ഇന്നു മുതല്‍ ഞായറാഴ്ച വരെ ജനങ്ങളെ ഇക്കാര്യത്തില്‍ ഓരോരുത്തരും ബോധവല്‍ക്കരിക്കണം. ദിവസം 10 പേരെയെങ്കിലും ഫോണ്‍ വഴിയും മറ്റും ഇക്കാര്യം അറിയിക്കണം. വരുംദിവസങ്ങളില്‍ ഓരോരുത്തരും ജനതാ കര്‍ഫ്യൂവിന്റെ ഭാഗമായുള്ള ബോധവല്‍ക്കരണം പരസ്പരം നടത്തണം. ഞായറാഴ്ച വൈകിട്ട് 5ന് അഞ്ചുമിനിറ്റ് നേരം കൊറോണക്കാലത്തു നമ്മുടെ രാജ്യത്തിനു വേണ്ടി നിലകൊള്ളുന്നവര്‍ക്കു വേണ്ടി നന്ദി പറയാന്‍ സമയം കണ്ടെത്തണം. 5 മണിക്ക് ഇതിനായുള്ള സൈറന്‍ ലഭിക്കും. നന്ദി പ്രകടിപ്പിക്കാന്‍ ഏതുരീതി വേണമെങ്കിലും ഉപയോഗിക്കാം. 

ഭക്ഷ്യധാന്യം, പാല്‍, മരുന്ന് തുടങ്ങിയ അവശ്യവസ്തുക്കളെല്ലാം രാജ്യത്തുണ്ട്. എന്നാല്‍ മഹാമാരിയെ ഭയന്ന് എല്ലാം വാങ്ങിക്കൂട്ടരുത്. വരുംനാളുകളില്‍ രാജ്യത്തെ ജനങ്ങളെല്ലാം തങ്ങളുടെ കര്‍ത്തവ്യങ്ങളെല്ലാം കൃത്യമായി പാലിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. പല പ്രശ്‌നങ്ങളും ഇക്കാലത്തുണ്ടാകാം. പക്ഷേ പൗരനെന്ന നിലയില്‍ ഉത്തരവാദിത്തങ്ങള്‍ പാലിക്കാന്‍ തയാറാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ലോക മഹായുദ്ധത്തേക്കാള്‍ പ്രതിസന്ധിയിലൂടെയാണ് ലോകം കടന്നു പോകുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ വൈറസ് ബാധ രാജ്യം കരുതലോടെ നേരിടണം. കൊറോണയില്‍ നിന്നു രക്ഷനേടാന്‍ മരുന്നോ വാക്‌സിനോ കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ ആശങ്ക സ്വാഭാവികമാണ്. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ചില രാജ്യങ്ങളില്‍ ആരംഭിച്ച് ഏതാനും നിമിഷങ്ങള്‍ക്കകം പെട്ടെന്നു കുതിച്ചുകയറുകയാണ് കൊറോണ. ഈ മഹാമാരി പരക്കാതെ നോക്കുന്നതില്‍ ഇന്ത്യയും ശ്രദ്ധാലുവാണ്. 

ഈ സാഹചര്യത്തില്‍ ചില കാര്യങ്ങളില്‍ പ്രതിജ്ഞാബദ്ധരായിരിക്കണം. രണ്ട് സാഹചര്യങ്ങളെ ക്ഷമയോടെ നേരിടണം. സ്വയം രോഗം വരാതെ നോക്കും, മറ്റുള്ളവര്‍ക്കു രോഗം പകരാതെ നോക്കും. ഈ പ്രതിജ്ഞ മനസ്സിലുണ്ടാകണം. ഒപ്പം വീട്ടില്‍ തുടരാനും ഐസലേഷന്‍ നിര്‍ദേശിക്കുമ്പോള്‍ അത് അനുസരിക്കാനുമുള്ള ക്ഷമ വേണം. ഒരാള്‍ക്ക് രോഗമില്ലെങ്കില്‍ അയാള്‍ക്ക് എവിടേക്കു വേണമെങ്കിലും സഞ്ചരിക്കാമെന്ന തോന്നല്‍ തെറ്റാണ്. അത് വേണ്ടപ്പെട്ടവരോട് ചെയ്യുന്ന ദ്രോഹമാണ്. ഈ സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശപ്രകാരം വീട്ടില്‍ തുടരുക. വീട്ടില്‍ നിന്ന് ഔദ്യോഗിക ജോലികള്‍ നിര്‍വഹിക്കാനും ശ്രദ്ധിക്കണം. ഇതെല്ലാം കൃത്യമായി പാലിക്കണമെന്നും മോദി പറഞ്ഞു. 


Source: Internet