നെടുമ്പാശ്ശേരിക്ക് സമീപം പെരിയാറിന്റെ തീരപ്രദേശങ്ങളിൽ തുടർച്ചയായി മലമ്പാമ്പുകളെ കണ്ടെത്തുന്നതിൽ ആശങ്കയുമായി നാട്ടുകാർ. മൂന്നു ദിവസങ്ങളിലായി മൂന്ന് മലമ്പാമ്പുകളെയാണ് പിടികൂടിയത്. പെരിയാറിന്റെ തീരത്ത് താമസിക്കുന്ന അബ്ദുൽ റസാക്കിന്റെ വീട്ടിലേ കോഴിക്കൂട്ടിൽ നിന്നാണ് ഇന്നലെ മലമ്പാമ്പിനെ കണ്ടെത്തിയത്. രണ്ട് കോഴികളെ വിഴുങ്ങി കൂടിന്റെ ഉള്ളിലായിരുന്നു മലമ്പാമ്പ്. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പിടി കൂടുകയായിരുന്നു. 8 അടിയിൽ കൂടുതൽ നീളവും 15 കിലോയോളം ഭാരവുമുള്ള പാമ്പിനെ അരമണിക്കൂറോളമുള്ള പരിശ്രമത്തിനുശേഷമാണ് പിടികൂടിയത്. തുടർച്ചയായി മലമ്പാമ്പുകളെ കാണുന്നതിനാൽ കോഴികൾ ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളെ നഷ്ടമാകുമോ എന്ന പേടിയിലാണ് നാട്ടുകാർ.