ആലപ്പുഴ കലവൂരിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ആലപ്പുഴ തിരുവമ്പാടി സ്വദേശിയായ കെഎസ്ഇബി ഉദ്യോഗസ്ഥൻ ബിജുമോനാണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന ഭാര്യ രതി മോളെയും രണ്ടു കുട്ടികളെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ പത്തരയോടെ ആലപ്പുഴയിൽ നിന്ന് വരുന്ന സ്വകാര്യ ബസ്സും ആലപ്പുഴയിലേക്ക് പോകുകയായിരുന്ന കാറും തമ്മിൽ കൂട്ടിയിരിക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ഇടിയുടെ ആഘാതത്തിൽ കാറിൽ കുടുങ്ങിയ ബിജുമോനെ വാഹനം വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്. ഉടനെത്തന്നെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ബിജുമോനും കുടുംബവും ഹൈദരാബാദിൽ നിന്നും മടങ്ങി വരുന്ന വഴിക്കാണ് അപകടം. അപകടത്തിൽ ബസ്സിലെ നാല് യാത്രക്കാർക്കും പരിക്കേറ്റു.