ദേശീയപാതയില്‍ ഇരുചക്ര വാഹനങ്ങള്‍ അനുവദിക്കരുത് എന്ന് ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍. ഇത് സംബന്ധിച്ച നിര്‍ദേശം സംസ്ഥാന സര്‍ക്കാരിന് ഇദ്ദേഹം കൈമാറി. സര്‍വീസ് റോഡിലൂടെ മാത്രം ഇരുചക്രവാഹനങ്ങള്‍ അനുവദിച്ചാല്‍ മതിയെന്നാണ് ശുപാര്‍ശയില്‍ പറഞ്ഞിരിക്കുന്നത്. ഇതിന്റെ കരട് നിര്‍ദേശമാണ് സര്‍ക്കാരിന് കൈമാറിയിരിക്കുന്നത്. കാറുകളുടെയും വലിയ വാഹനങ്ങളുടെയും സുഗമമായ സഞ്ചാരത്തിന് ഇരുചക്രവാഹനങ്ങള്‍ തടസമാണ് എന്നാണ് അദ്ദേഹം പറയുന്നത്. സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും അംഗീകാരം കിട്ടിയാലേ ഇത് നടപ്പിലാക്കാനാകൂ എന്നും ശുപാര്‍ശയില്‍ പറയുന്നുണ്ട്. ഇരുചക്രവാഹനങ്ങളാണ് സംസ്ഥാനത്തുണ്ടാകുന്ന ഭൂരിഭാഗം അപകടങ്ങള്‍ക്കും കാരണമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 1288 ജീവനുകളാണ് ബൈക്ക് അപകടത്തിൽ കഴിഞ്ഞ വർഷം നഷ്ടപ്പെട്ടത്. അപകടം കുറക്കുന്നതിനായി ബൈക്കുകളുടെ പരമാവധി വേഗത 60 ആക്കി കുറച്ചിരുന്നു. എന്നിട്ടും മാറ്റമൊന്നും ഉണ്ടായില്ല. ദേശീയപാതാ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ വലിയ വാഹനങ്ങള്‍ക്ക് വേഗത്തില്‍ സഞ്ചരിക്കാനാകും. എന്നാൽ അതേസമയം ഈ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ബൈക്ക് റൈഡേഴ്സ് ക്ലബ്ബുകള്‍ ഉള്‍പ്പടെ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.