ഒമ്പത് മാസം പ്രായമുള്ള ഇരട്ട പെൺ മക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ അറസ്റ്റിൽ. ഹരിയാനയിൽ ജിന്ദിയിലെ ദനോന്ദ്ര ഗ്രാമത്തിലാണ് സംഭവം. ശീതൾ എന്ന യുവതിയാണ് തന്റെ ഒൻമ്പത് മാസം പ്രായമായ ഇരട്ട സന്തതികളെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷം പ്രതി തന്നെ കുറ്റ സമ്മതം നടത്തുകയായിരുന്നു. യുവതിയെ ഉടൻ പോലീസ് അറസ്റ്റ് ചെയ്തു.
ജൂലായ് 12ന് ഭർത്താവ് ജോലിക്ക് പോയ സമയത്താണ് കുട്ടികളെ യുവതി കൊലപ്പെടുത്തിയത്. പിന്നീട് മക്കൾ മരിച്ചെന്ന് ഭർത്താവിനെ വിളിച്ചറിയിച്ചു. സംഭവം നടന്ന് 13-ാം ദിവസമാണ് യുവതി ഭർത്താവിനോട് കുറ്റം സമ്മതിച്ചത്. യുവതിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകി. ഇതോടെ കൊലപാതകം പുറം ലോകം അറിയുകയായിരുന്നു. ശീതളിന്റെ വാക്കുകൾ വിശ്വസിച്ചായിരുന്നു വീട്ടുകാർ പോസ്റ്റ്‌മോർട്ടം നടത്താതെ പെൺകുട്ടികളുടെ മൃതദേഹം സംസ്കരിച്ചത്. മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തുമെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.