ഹിമാചൽപ്രദേശിലുണ്ടായ പ്രളയത്തിൽ കെട്ടിടങ്ങളും പാലങ്ങളും തകരുന്നതിന്റെയും പേപ്പർ ബോട്ടു പോലെ കാറുകൾ ഒലിച്ചു പോകുന്നതിന്റെയും ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്. നിമിഷങ്ങൾക്കൊണ്ടാണ് മണാലിയില്‍ ബസ് ഒലിച്ചു പോയത്. കുളുവിൽ ബിയാസ് നദിയുടെ കരയിലുള്ള കെട്ടിടങ്ങൾ ഒലിച്ചുപോയി. നദി കരകവിഞ്ഞ് ഒട്ടേറെ കാറുകൾ ഒഴുകിപ്പോയി. പാലങ്ങൾ തകർന്നു പല പ്രദേശങ്ങളും ഒറ്റപ്പെട്ടു.
ജനവാസ കേന്ദ്രങ്ങളിലേക്കു തടികളും വാഹനങ്ങളും ഒഴുകിയെത്തുകയാണ്. 72 മണിക്കൂറായി ശക്തമായ മഴ തുടരുകയാണ്. ജനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിലേക്കു മാറണമെന്ന് സർക്കാർ മുന്നറിയിപ്പു നൽകി. മണ്ണിടിച്ചിലിനെ തുടർന്ന് മാണ്ഡി–കുളു ദേശീയ പാത അടച്ചു.