77–ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ അവസാനഘട്ടത്തിലേക്ക് രാജ്യം ഒരുങ്ങുകയാണ്. ചെങ്കോട്ടയിൽ ഇന്ന് വിവിധ സേന വിഭാഗങ്ങളുടെ റിഹേഴ്സലുകൾ നടക്കും. രാഷ്ട്രപതി ദ്രൗപതി മുർമു വൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് രാജ്യം അതീവ ജാഗ്രതയിലാണ്. അതിർത്തികളിലും ഡൽഹിയിലും അതീവ സുരക്ഷ ഏർപ്പെടുത്തി കഴിഞ്ഞു. പഞ്ചാബിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വിവിധ ഏജൻസികളിൽപ്പെട്ട പതിനായിരത്തോളം സുരക്ഷ ഉദ്യോഗസ്ഥരെയാണ് അതിർത്തികളിലും ഡൽഹിയിലും വിന്യസിച്ചിരിക്കുന്നത്. രാജ്യം അതീവ ജാഗ്രതയിലാണ്. ഡൽഹി, മുംബൈ, ഹൈദരാബാദ്, ചെന്നൈ, ബാംഗ്ലൂരു എന്നീ നഗരങ്ങളിൽ അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. വിമാനത്താവളം, റെയിൽവേ, മെട്രോ എന്നിവിടങ്ങളിലും പരിശോധന നടക്കും. മെയ്തെയ്, കുക്കി വിഭാഗം പ്രതിഷേധിക്കാൻ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. കർഷകരും നേഴ്സുമാരും ഉൾപ്പെടുന്ന 1800 വിശിഷ്ട അതിഥികൾ ആണ് ഇത്തവണ ഉണ്ടാവുക. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ മുന്നോടിയായി രാജ്യത്തെ ജനങ്ങളോട് സാമൂഹിക മാധ്യമങ്ങളിലെ മുഖചിത്രം ഇന്ത്യൻ പതാക ആകാൻ പ്രധാനമന്ത്രി കഴിഞ്ഞദിവസം ആഹ്വാനം ചെയ്തിരുന്നു. സ്വന്തം അക്കൗണ്ടിലെ മുഖചിത്രം ദേശീയ പതാകയുടെ ചിത്രമായി പ്രധാനമന്ത്രി മാറ്റിയിട്ടുണ്ട്. ചെങ്കോട്ടയിൽ പുഷ്പാലങ്കാരങ്ങൾ പൂർത്തിയായി പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ച G-20 ലോഗോ ഈ വർഷത്തെ പ്രധാന സവിശേഷത കൂടിയാണ്. ഈ വർഷത്തെ പോലീസ് മെഡലുകളും സേനാമെഡലുകളും തിങ്കളാഴ്ച പ്രഖ്യാപിക്കും. അതുപോലെ കേന്ദ്രസർക്കാർ നിർദ്ദേശപ്രകാരം ഇന്ത്യ-പാകിസ്ഥാൻ വിഭജനത്തിന്റെ മുറിവുകളുടെ ഓർമ്മ ദിനമായി തിങ്കളാഴ്ച ആചരിക്കും.