ഒറ്റ ക്ലിക്കിൽ അവസാനിപ്പിച്ച ജീവിതം കെവിൻ കാർട്ടർ എന്ന ലോക പ്രശസ്ത ഫോട്ടോഗ്രാഫർ ആത്മഹത്യ ചെയ്തിട്ട് ഇന്നേക്ക് 29 വർഷങ്ങൾ പിന്നിടുന്നു. അദ്ദേഹത്തെ ലോകപ്രശസ്ത ഫോട്ടോഗ്രഫറാക്കിയതും ആത്മഹത്യയിലേക്കു നയിച്ചതും ഒരേയൊരു ഫോട്ടോ ആയിരുന്നു.ദക്ഷിണ സുഡാനിൽനിന്നു പകർത്തിയ ചിത്രമായിരുന്നത്. ജീവൻ നിലനിർത്താൻ പൊരുതുന്ന കുഞ്ഞും, പട്ടിണിക്കോലമായ കുഞ്ഞിന്റെ അന്ത്യനിമിഷത്തിനായി കാത്തിരിക്കുന്ന കഴുകനും. അതായിരുന്നു ആ ഫോട്ടോ. ജീവിതവും മരണവും ഒറ്റ ഫ്രെയിമിൽ ആവാഹിച്ച ചിത്രമായിരുന്നു. വിമർശങ്ങളാലുള്ള കുറ്റബോധത്താൽ ഹൃദയത്തിൽ മുറിവേറ്റാണ് അദ്ദേഹം ആത്മഹത്യയിൽ ജീവിതം അവസാനിപ്പിച്ചത്.
“ജീവിതത്തിന്റെ വേദന എല്ലാ സന്തോഷങ്ങളെയും മറികടക്കുന്നു. കൊലപാതകങ്ങളുടെ, മരണത്തിന്റെ, മൃതശരീരങ്ങളുടെ, പട്ടിണി കിടക്കുകയും മുറിവേൽപ്പിക്കപ്പെടുകയും ചെയ്ത കുട്ടികളുടെ ഓർമകൾ.. അവയെല്ലാം എന്നെ വേട്ടയാടുന്നു. കുഞ്ഞിനടുത്തേക്ക് ഞാന്‍ പോകുന്നു, ഭാഗ്യമുണ്ടെങ്കിൽ കുഞ്ഞുമായി ഒത്തുചേരാം.” ആത്മഹത്യാക്കുറിപ്പിൽ കെവിൻ കുറിച്ചിട്ട വാക്കുകളാണിത്.
ആഭ്യന്തരയുദ്ധം മൂലം ജനം നരകയാതന അനുഭവിച്ചിരുന്ന സുഡാനിലേക്കു ഭക്ഷണമെത്തിക്കാനുള്ളതായിരുന്നു ‘ഓപ്പറേഷൻ ലൈഫ്‍ലൈൻ സുഡാൻ’ എന്ന യുഎൻ പദ്ധതി. സുഡാനിലെ ദുരവസ്ഥ ലോകത്തിനു മുന്നിൽ എത്തിക്കുന്നതിനു ഫോട്ടോ ജേണലിസ്റ്റുകളെയും ക്ഷണിച്ചിരുന്നു. ലൈഫ് ലൈൻ സുഡാനിൽ അംഗമായിരുന്ന റോബർട്ട് ഹാഡ്‍ലിയാണു ജോവ സിൽവയോടും കെവിൻ കാർട്ടറോടും യാത്രയുടെ കാര്യം പറഞ്ഞത്. കാർട്ടറും സിൽവയും യുഎൻ സംഘത്തിനൊപ്പം ചേർന്നു. കൊടും പട്ടിണിയുടെയും മരണത്തിന്റെയും ഭീകരത തളംകെട്ടി നിൽക്കുന്ന ദക്ഷിണ സുഡാനിലെ അയോഡിലേക്കു ഭക്ഷണമെത്തിക്കാൻ ഒരു വിമത പോരാളി സംഘടന യുഎന്നിന് അനുമതി കൊടുത്തിരുന്നു. ഹാഡ്‍ലി കാർട്ടറെയും സിൽവയെയും തങ്ങളുടെ കൂടെ പോരുന്നതിനായി ക്ഷണിച്ചു. ഭക്ഷണം വിതരണം ചെയ്യാനുള്ള 30 മിനിറ്റു മാത്രമേ ചെലവഴിക്കാനാവുകയുള്ളൂ എന്ന മുന്നറിയിപ്പും യു എൻ സംഘം നൽകിയിരുന്നു. ഗറില്ല പോരാളികളുടെ ഫോട്ടോയെടുക്കുന്നതിനായി സിൽവ പോയപ്പോൾ കെവിൻ ഭക്ഷണവിതരണ ക്യാംപിലേക്ക് ഓടിയെത്തിയ പട്ടിണിക്കോലങ്ങളായ സുഡാനികളുടെ ചിത്രങ്ങമായിരുന്നു പകർത്തിയത്. പട്ടിണിയുടെയും മരണത്തിന്റെയും ദയനീയാവസ്ഥ കണ്ട് മനംമടുത്ത കെവിൻ ഏതാനും ക്ലിക്കുകൾക്കുശേഷം ക്യാംപിലേക്കു മടങ്ങാനൊരുങ്ങവേയാണ് ആ കരച്ചിൽ കേട്ടത്. കരച്ചിൽ കേട്ട ഭാഗത്തേക്കു ചെന്ന കെവിൻ കണ്ടത് കൊടും വെയിലത്തു തല കുമ്പിട്ടു കൂനിക്കൂടി നിലത്തിരിക്കുന്ന ഒരു കുട്ടിയെയാണ്. എഴുന്നേറ്റു നിൽക്കാൻപോലും ശേഷിയില്ലാത്ത കുട്ടി ഭക്ഷണവിതരണ കേന്ദ്രത്തിലേക്കു നിരങ്ങിനീങ്ങുകയായിരുന്നു. കെവിൻ കുട്ടിയുടെ അടുത്തേക്കു നീങ്ങിയതും ഏറെയകലെയല്ലാതെ ഒരു ശവംതീനി കഴുകൻ പറന്നിറങ്ങി. കെവിനിലെ ഫൊട്ടോഗ്രഫർ പകർത്തിയത് ഈ ചിത്രമായിരുന്നു. മരണവും ജീവിതവും ഒറ്റ ഫ്രെയിമിൽ. ജീവൻ നിലനിർത്താൻ പൊരുതുന്ന കുഞ്ഞ്. കുഞ്ഞിന്റെ ജീവൻ നിലയ്ക്കാൻ കാത്തിരിക്കുന്ന കഴുകനും. ചിറകു വിരിക്കുന്ന ഫോട്ടോയ്ക്കായി കെവിൻ കാത്തിരുന്നെങ്കിലും അതുണ്ടായില്ല. വിമാനം പുറപ്പെടുന്നതിന് ഏതാനും മിനിറ്റു മാത്രം. ആ ആംഗിളിൽത്തന്നെ ഫോട്ടോ പകർത്തി, കഴുകനെ ആട്ടിപ്പായിച്ചു കെവിൻ സുഹൃത്തുമൊരുമിച്ചു വിമാനത്തിൽ തിരികെ പറന്നു. കെവിൻ കാർട്ടറുടെ ഈ ഫോട്ടോ ഗ്രാഫ് പുലിറ്റ്സർ പ്രൈസ് നേടി ലോക ശ്രദ്ധ നേടിയതോടെ വിമർശനങ്ങൾ ഉയർന്നു കൊണ്ടേയിരുന്നു. ഇതിൽ മനം നൊന്ത് മുപ്പത്തി മൂന്നാം വയസ്സിൽ തന്നെ അദ്ദേഹം ആത്മഹത്യയിൽ ജീവിതം അവസാനിപ്പിച്ചു.