മണിപ്പൂരിൽ 37 വയസ് പ്രായമുള്ള യുവതി കൂട്ട ബാലത്സംഗത്തിന് ഇരയായി. മെയ്തെയ് വിഭാഗത്തിലെ വിവാഹിതയായ യുവതിയാണ് പരാതിയുമായി എത്തിയിരിക്കുന്നത്. കുക്കി വിഭാഗത്തിലുള്ള അജ്ഞാതര്‍ക്കെതിരെയാണ് പരാതി. ഓഗസ്റ്റ് 9 (ബുധൻ) വൈകുന്നേരം 4:30 ന് ബിഷ്ണുപൂരിലെ വനിതാ പോലീസ് സ്‌റ്റേഷനിലാണ് എഫ്‌ഐആർ സമർപ്പിച്ചത്. എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. എന്നിരുന്നാലും, കുറ്റകൃത്യം നടന്നതെന്ന് ആരോപിക്കപ്പെടുന്ന സ്ഥലം ചുരാചന്ദ്പൂർ ജില്ലയായതിനാൽ, കൂടുതൽ അന്വേഷണത്തിനായി കേസ് ചുരാചന്ദ്പൂരിലെ വനിതാ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. യുവതിയുടെ വൈദ്യപരിശോധന നടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുക്കി ഭൂരിപക്ഷ പ്രദേശമായ ചുരാചന്ദ്പൂരിൽ താമസിച്ചിരുന്ന ആയിരക്കണക്കിന് മെയ്തികൾ അക്രമത്തിന്റെ പശ്ചാത്തലത്തിൽ ഇംഫാൽ താഴ്‌വരയിലേക്ക് പലായനം ചെയ്തിരുന്നു. ഇവരിൽ പലരും ബിഷ്ണുപൂർ ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലാണ് ഇപ്പോൾ കഴിയുന്നത്.