ഡൽഹി മെട്രോയിൽ ഇന്റർനെറ്റ് സേവനങ്ങൾ ശക്തിപ്പെടുത്താൻ ഒരുങ്ങി ഡിഎംആർസി. വിവിധ മൊബൈൽ സേവന ദാതാക്കളുടെ സഹകരണത്തോടെ അഞ്ചുമാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് നീക്കം.390 കിലോമീറ്റർ ദൈർഘ്യം വരുന്ന ഡൽഹി മെട്രോ നെറ്റ്‌വർക്കിൽ 102 കിലോമീറ്റർ ദൂരം ഭൂമിക്കടിയിലൂടെയാണ് കടന്നുപോകുന്നത്. ആകെയുള്ള 256 സ്റ്റേഷനുകളിൽ 69 സ്റ്റേഷനുകളും ഭൂമിക്കടിയിലാണ് സ്ഥിതി ചെയ്യുന്നത്. തുരങ്കത്തിലേക്ക് മെട്രോ പ്രവേശിക്കുമ്പോൾ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെടുന്നത് യാത്രക്കാർക്ക് വളരെയേറെ അസൗകര്യം സൃഷ്ടിക്കുന്നുണ്ട്. ഈ പ്രതിസന്ധി മറികടക്കാനാണ് തുരങ്കങ്ങളിലും ഭൂഗർബ മെട്രോ സ്റ്റേഷനുകളിലും 5G നെറ്റ്‌വർക്ക് ശക്തിപ്പെടുത്താൻ ഡിഎംആർസി തീരുമാനിച്ചിരിക്കുന്നത്. ഭൂഗർഭപാതകളിൽ കേബിളുകൾ സ്ഥാപിക്കുന്ന ജോലി മെട്രോ ഗതാഗതം തടസ്സപ്പെടാതിരിക്കാൻ രാത്രി കാലങ്ങളിലാണ് നടന്നുവരുന്നത്.