തക്കാളി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ചാമരാജനഗര പൊലീസ് ജില്ലയിലെ തക്കാളിത്തോട്ടങ്ങളിൽ പട്രോളിങ് ശക്തമാക്കി. പലയിടത്തും അക്രമികൾ കൃഷി നശിപ്പിച്ചെന്ന പരാതിയെ തുടർന്ന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച കബ്ബേപുരയിലെ ഒന്നര ഏക്കറോളം വരുന്ന തക്കാളി കൃഷി അജ്ഞാതർ നശിപ്പിച്ചിരുന്നു. ബേഗൂർ പൊലീസ് സ്റ്റേഷനിൽ കേസെടുത്ത് അന്വഷണം ആരംഭിച്ചു. മുൻകരുതലിന്റെ ഭാഗമായി ജില്ലയിലെ തക്കാളിത്തോട്ടങ്ങളിൽ പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. കൃഷിയിടങ്ങളിൽ സുരക്ഷ വർധിപ്പിച്ചതിൽ കർഷകർ സന്തോഷം പ്രകടിപ്പിച്ചു. വിലപിടിപ്പുള്ള വിളകൾ സംരക്ഷിക്കുന്നതിന് അതത് പോലീസ് സ്റ്റേഷൻ പരിധികളിൽ സുരക്ഷ ഒരുക്കാൻ ജില്ലാ ഭരണകൂടം പോലീസിന് നിർദ്ദേശം നൽകി.