ജമ്മു കശ്മീരിൽ വിവാഹ ശേഷം പണവും സ്വർണവുമായി രക്ഷപ്പെടുന്ന യുവതി അറസ്റ്റിൽ. ഷഹീൻ അക്തർ(30) ആണ് പോലീസ് അറസ്റ്റ് ചെയ്തത് . പലയിടങ്ങളിൽ നിന്നും പുരുഷന്മാരെ വിവാഹം കഴിച്ച ശേഷം മെഹർ പണവും സ്വർണ്ണവുമായി മുങ്ങുകയാണ് യുവതിയുടെ പതിവ് . ഒരു ഡസനിലധികം പേർ പറ്റിക്കപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്.
ജൂലൈ 5 ന് ബുദ്ഗാം സ്വദേശി മുഹമ്മദ് അൽത്താഫ് മാർ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. ഒരു ഇടനിലക്കാരനാണ് വധുവിനെ പരിചയപ്പെടുത്തിയത്. വിവാഹിതരായി നാല് മാസം ഒരുമിച്ച് താമസിച്ചു. പിന്നീട് പണവും സ്വർണവുമായി ഭാര്യ അപ്രത്യക്ഷയായെന്ന് പരാതിയിൽ ഉള്ളത്. വിശദമായ അന്വേഷണത്തിനൊടുവിൽ കഴിഞ്ഞയാഴ്ച രജൗരിയിലെ നൗഷേര ടൗണിൽ വെച്ചാണ് ഷഹീൻ അക്തർ അറസ്റ്റിലായത്.
യുവതി അറസ്റ്റിലായതിന് പിന്നാലെ സമാന പരാതിയുമായി നിരവധി പേർ രംഗത്തെത്തിയതായി പൊലീസ് പറഞ്ഞു. 12 പേരെ സമാനരീതിയിൽ യുവതി പറ്റിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ ഇരകളുടെ എണ്ണം കൃത്യമായി കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.