ഭാര്യ ബംഗ്ലാദേശ് പൗരയാണെന്നത് ഭർത്താവ് അറിഞ്ഞത് 14 വർഷത്തിനുശേഷം. ഇന്ത്യൻ പൗരത്വം നേടിയെടുക്കാൻ തന്നെ ഉപയോഗിച്ചെന്ന് ആരോപിച്ചാണ് ഭർത്താവ് ഭാര്യക്കെതിരെ പരാതി നൽകിയിരിക്കുന്നത്. ബംഗാളിലെ അസൻസോൾ നിവാസിയായ 37 വയസ്സുള്ള തബിഷ് എഹ്സാൻ 2009 ലാണ് നാസിയ അബ്രിൻ ഖുറൈഷിയെ വിവാഹം കഴിക്കുന്നത്. ഉത്തർപ്രദേശ് സ്വദേശി ആണെന്നാണ് ഭാര്യ തബിഷിനോട് പറഞ്ഞത്. ഒരു വിവാഹ ചടങ്ങിനിടെ കണ്ടുമുട്ടിയ ഇവർ കുടുംബങ്ങളുടെ സമ്മതപ്രകാരം വിവാഹം കഴിച്ചു. ഭാര്യ യഥാർത്ഥത്തിൽ ബംഗ്ലാദേശ് സ്വദേശിയാണെന്ന് ബന്ധുക്കളിൽ നിന്നാണ് ഇയാൾ അറിഞ്ഞത്. കൊൽക്കത്തയിലെ തിൽജാല പോലീസ് സ്റ്റേഷനിലാണ് ഭാര്യക്കും കുടുംബങ്ങൾക്കുമെതിരെ കേസ് ഫയൽ ചെയ്തിട്ടുള്ളത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.