വടക്കൻ ഡൽഹിയിലെ രോഹിണി ഏരിയയിലെ ജിമ്മിലെ ട്രെഡ്മില്ലിൽ ഓടുന്നതിനിടെ 24കാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. ബിടെക് പൂർത്തിയാക്കി ഗുരുഗ്രാം ആസ്ഥാനമായുള്ള ഒരു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന സാക്ഷം പ്രുതി ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 7.30 ഓടെ ട്രെഡ്മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ വൈദ്യുതാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു. ജിം മാനേജർ അനുഭവ് ദുഗ്ഗലിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് തുല്യമല്ലാത്ത മനഃപൂർവമായ നരഹത്യ, യന്ത്രോപകരണങ്ങളുമായി ബന്ധപ്പെട്ട് അശ്രദ്ധമായ പെരുമാറ്റം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.