പക്ഷിമ ബംഗാളിലെ മാൾഡ ജില്ലയിൽ 12 വയസ്സുകാരന്റെ ഇടപെടൽ മൂലം ഒഴിവായത് വൻ ട്രെയിൻ ദുരന്തം. ട്രാക്ക് തകർന്നത് ശ്രദ്ധയിൽപ്പെട്ട കുട്ടി തന്റെ ചുവന്ന ഷർട്ട് വീശിയാണ് ട്രെയിനിന്റെ ലോക്കോ പൈലറ്റിന് അപായ മുന്നറിയിപ്പ് നൽകിയത്. ഇത് കണ്ട ലോക്കോ പൈലറ്റ് ബ്രേക്ക് അമർത്തി ട്രെയിൻ നിർത്തുകയും ചെയ്തു. മഴയിൽ മണ്ണും ഉരുളൻ കല്ലുകളും ഒലിച്ചു പോയാണ് ട്രാക്ക് കേടുവന്നതെന്ന് പറയുന്നു. തകർന്ന ട്രാക്ക് നന്നാക്കിയതോടെയാണ് ട്രെയിൻ സർവീസ് പുനസ്ഥാപിച്ചത്. അടുത്തുള്ള ഗ്രാമത്തിലെ കുടിയേറ്റ തൊഴിലാളിയുടെ മകനാണ് മുർസലിൻ സെയ്ഖ്. വിവേകത്തോടെ പ്രവർത്തിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്ത കുട്ടിയെ റെയിൽവേ അധികൃതർ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.
