ഇംഫാൽ; മണിപ്പൂരിലെ ഇംഫാൽ ഈസ്റ്റ് ജില്ലയിൽ ഒരു സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ ഒമ്പത് പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ശനിയാഴ്ച വൈകുന്നേരമാണ് 50-കളുടെ മധ്യത്തിലുള്ള സ്ത്രീയെ സാവോംബംഗ് പ്രദേശത്ത് വെടിവെച്ച് കൊന്നതെന്ന് അവർ പറഞ്ഞു. കൊലപാതകത്തിന് അറസ്റ്റിലായവരിൽ അഞ്ച് സ്ത്രീകളും ഉൾപ്പെടുന്നു. ഇവരിൽ നിന്ന് രണ്ട് തോക്കുകൾ പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയതെന്നും അവർ പറഞ്ഞു. അന്വേഷണം നടന്നുവരികയാണെന്നും കൊലപാതകത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് സൂപ്രണ്ട് കെ.ഷ ശിവകാന്ത സിംഗ് പറഞ്ഞു. മരിംഗ് നാഗ സമുദായത്തിൽ നിന്നുള്ള സ്ത്രീയായിരുന്നു. മൂന്ന് പ്രതികളെ പ്രദേശത്തുനിന്ന് പുറത്താക്കുമെന്ന് ഹൈക്കക്മാപാൽ ഗ്രാമവികസന സമിതി അറിയിച്ചു. അതിനിടെ, സംസ്ഥാനത്ത് നാഗാ ജനങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിൽ തിങ്കളാഴ്ച രാവിലെ 6 മണി മുതൽ 12 മണിക്കൂർ ഷട്ട്ഡൗൺ ആരംഭിച്ചു. കൊലപാതകത്തിൽ പ്രതിഷേധിച്ച് മണിപ്പൂരിലെ നാഗാക്കളുടെ പരമോന്നത സംഘടനയായ യുണൈറ്റഡ് നാഗാ കൗൺസിൽ (യുഎൻസി) ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നും യുഎൻസി ആവശ്യപ്പെട്ടു. മേയ് 3 ന് സംസ്ഥാനത്ത് നടന്ന വംശീയ സംഘർഷത്തെത്തുടർന്ന് 150-ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.