മണിപ്പൂരിൽ സൈനിക വേഷം ധരിച്ച് തോക്കുകൾ മോഷ്ടിച്ച അഞ്ച് പേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. രണ്ട് റൈഫിളുകൾ, 128 റൗണ്ട് വെടിക്കോപ്പുകൾ എന്നിവ അടക്കമാണ് യുവാക്കളെ പിടികൂടിയത്. ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരിൽ ഒരാൾ നിരോധിത സംഘടനയായ പീപ്പിൾസ് ലിബറേഷൻ ആർമിയിലെ അംഗമാണ്. ഇയാൾക്കെതിരെ ദേശ സുരക്ഷാ നിയമവും ചുമത്തി. മണിപ്പൂരിൽ നാല് മാസമായി നടക്കുന്ന വംശീയ സംഘർഷത്തിൽ 175 പേർ കൊല്ലപ്പെടുകയും 1,108 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 32 പേരെ കാണാതായിട്ടുമുണ്ട്. 4,786 വീടുകൾക്ക് തീയിടുകയും 386 ആരാധനാലയങ്ങൾ നശിപ്പിക്കുകയും ചെയ്തതായി കഴിഞ്ഞ ദിവസം പോലീസ് പറഞ്ഞു.
