ഉത്തർപ്രദേശിലെ വാരാണസിയിൽ ഗാന്ധിയൻ സംഘടനയായ സർവ സേവാ സംഘിന്റെ പരിസരത്തെ ഒരു ഡസനിലധികം കെട്ടിടങ്ങൾ റെയിൽവേയുടെ ഭൂമിയാണെന്ന് വിധിച്ച കോടതിയുടെ ഉത്തരവനുസരിച്ച് ഭരണകൂടം പൊളിച്ചുനീക്കി. രാജ്ഘട്ടിലെ 13 ഏക്കർ സ്ഥലത്തുണ്ടായിരുന്ന കെട്ടിടങ്ങളാണ് ശനിയാഴ്ച തകർത്തത്.
ഭൂമി സംബന്ധിച്ച് സംഘടനയും റെയിൽവേയും തമ്മിൽ തർക്കമുണ്ടായിരുന്നു. ജൂൺ 26-ന് വാരാണസി ജില്ലാ കോടതി നോർത്തേൺ റെയിൽവേക്ക് അനുകൂലമായി വിധിക്കുകയും ഭൂമി തങ്ങളുടേതാണെന്ന് പറയുകയും ചെയ്തിരുന്നു. അതിനാൽ, ജൂൺ 27 ന് റെയിൽവേ അധികൃതർ പൊളിക്കുന്നതിനുള്ള ഉത്തരവ് പാസാക്കിയതായി അറിയിച്ചു.
സർവ സേവാ സംഘം ജില്ലാ കോടതിയുടെ ഉത്തരവിനെ അലഹബാദ് ഹൈക്കോടതിയിൽ ചോദ്യം ചെയ്യുകയും ജൂലൈയിൽ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തെങ്കിലും ഇളവ് ലഭിച്ചില്ലെന്ന് അവർ പറഞ്ഞു. ഇതേത്തുടർന്ന് റെയിൽവേ, ജില്ലാ ഭരണകൂടം, പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ബുൾഡോസർ ഉപയോഗിച്ച് കെട്ടിടങ്ങൾ പൊളിച്ചുനീക്കി. മഹാത്മാഗാന്ധിയുടെ ആശയങ്ങളും തത്ത്വചിന്തകളും പ്രചരിപ്പിക്കുന്നതിനായി ആചാര്യ വിനോബ ഭാവെ 1948-ൽ സ്ഥാപിച്ചതാണ് ഈ സംഘടന.
1960, 1961, 1970 വർഷങ്ങളിൽ മൂന്ന് രജിസ്റ്റർ ചെയ്ത വിൽപ്പന രേഖകൾ മുഖേന കേന്ദ്ര സർക്കാരിൽ നിന്ന് വാരാണസിയിലെ തങ്ങളുടെ സ്ഥലത്തിനുള്ള ഭൂമി വാങ്ങിയതാണെന്ന് സംഘടന സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്നു.