69-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ എട്ടു പുരസ്കാരങ്ങൾ മലയാള സിനിമ സ്വന്തമാക്കി. മികച്ച മലയാള സിനിമ, നവാഗത സംവിധായകൻ, ആനിമേഷൻ ചിത്രം, ജൂറി പ്രത്യേക പരാമർശം, തിരക്കഥ, പരിസ്ഥിതി ചിത്രം(ഫീച്ചർ/നോൺ ഫീച്ചർ), ഓഡിയോഗ്രഫി എന്നിവയിലാണ് പുരസ്കാരങ്ങൾ ലഭിച്ചത്. മികച്ച മലയാള ചിത്രമായി ഹോം തിരഞ്ഞെടുത്തു. ഹോമിലെ അഭിനയത്തിന് നടൻ ഇന്ദ്രൻസിന് പ്രത്യേക പരാമർശം ലഭിച്ചു. മികച്ച മലയാള ചിത്രത്തിനായി ഹോം, ആവാസ വ്യൂഹം, ചവിട്ട്, മേപ്പടിയാൻ എന്നീ ചിത്രങ്ങൾ തമ്മിലാണ് മത്സരം നടന്നത്. നായാട്ട് സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഷാഹി കബീർ നേടി. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരഗാന്ധി പുരസ്കാരം ‘മേപ്പടിയാൻ’ ചിത്രത്തിലൂടെ വിഷ്ണു മോഹൻ കരസ്ഥമാക്കി. മികച്ച പാരിസ്ഥിതിക ചിത്രമായി ആവാസ വ്യൂഹം തിരഞ്ഞെടുത്തു. നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച ആനിമേഷൻ ചിത്രം മലയാളി അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത ‘കണ്ടിട്ടുണ്ട്’ എന്ന ചിത്രത്തിന് ലഭിച്ചു. നോൺ ഫീച്ചർ വിഭാഗത്തിൽ പരിസ്ഥിതി ചിത്രത്തിൻ ഗോകുലം മൂവിസിന്റെ മൂന്നാം വളവ് സ്വന്തമാക്കി. മികച്ച ഓഡിയോഗ്രഫിക്കുള്ള പുരസ്കാരം ‘ചവിട്ട്’ സിനിമയിലൂടെ അരുൺ അശോക് സോനു കെ പി സ്വന്തമാക്കി. 68ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ 11 അവാർഡുകളായിരുന്നു മലയാള സിനിമ കരസ്ഥമാക്കിയിരുന്നത്